കുട്ടികളിലെ ‘കോവിഡ് കാല്‍വിരലുകള്‍’ ശ്രദ്ധിക്കണമെന്ന് ഡോക്ടര്‍മാര്‍

ഒട്ടാവ: കോവിഡ് അണുബാധയുടെ ലക്ഷണമായ കാല്‍വിരലുകള്‍ക്ക് ചുറ്റും അസാധാരണമായ ക്ഷതമോ പരിക്കോ  ഉണ്ടോയെന്ന് അറിയാന്‍ മാതാപിതാക്കള്‍ മക്കളുടെ കാലുകള്‍ നിരീക്ഷിക്കണമെന്ന് ഒരു ഡോക്ടറുടെ മുന്നറിയിപ്പ്. ഏതാനും ആ്‌ഴ്ചകളായി വടക്കേ അമേരിക്കയില്‍ കോവിഡ് രോഗലക്ഷണങ്ങളില്ലാത്ത കുട്ടികളില്‍ കാല്‍ചര്‍മ്മങ്ങളില്‍ അസാധാരണമായ അസുഖം കൂടുതലായി കാണുന്നുണ്ടെന്നും കുട്ടികളുടെ ആശുപത്രിയിലെ പീഡിയാട്രിക് ഡെര്‍മറ്റോളജി വിഭാഗം മേധാവിയായ ഡോ. എലീന പോപ്പ് പറയുന്നു. ഈ അസുഖത്തെ കോവിഡ് കാല്‍വിരലുകള്‍ എന്നാണ് വിശേഷിപ്പിക്കുന്നത്. കുട്ടികളുടെ കാലുകളിലുണ്ടാകുന്ന ഇത്തരം അസുഖങ്ങള്‍ അത്ര പെട്ടെന്ന് ശ്രദ്ധിക്കപ്പെടില്ല എന്നതുകൊണ്ടായിരിക്കാം ഡോക്ടര്‍മാരുടെ ശ്രദ്ധയില്‍ ഈ വിവരം എത്താന്‍ സമയമെടുത്തതെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. ഈ അസുഖം കുട്ടികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നില്ലെങ്കില്‍ അവര്‍ രക്ഷിതാക്കളോട് ഈ കാര്യം പറയണമെന്നില്ലെന്നും ഡോക്ടര്‍ ചൂണ്ടിക്കാട്ടി. മിക്ക ക്ഷതങ്ങളും സാവകാശത്തില്‍ മങ്ങുകയും അടയാളങ്ങള്‍ ഇല്ലാതാവുകയുമാണ് ചെയ്യുന്നത്. ചില കേസുകളില്‍ മാത്രമേ അവ വിരലുകളെ കൂടുതലായി ബാധിക്കാറുള്ളു. പലപ്പോഴും ചുവപ്പോ കരിഞ്ചുവപ്പോ നിറത്തില്‍ പ്രത്യേക്ഷപ്പെടുന്ന ഇവ ശൈത്യത്തെ തുടര്‍ന്നുണ്ടാകുന്ന തൊലിപ്രശ്‌നം പോലെ തോന്നിക്കുകയും ചെയ്യും. ചര്‍മ്മ സംബന്ധമായ പരിക്കുകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് കനേഡിയന്‍ പീഡിയാട്രിക് നിരീക്ഷണ പരിപാടിയുടെ ഭാഗമായി ക്ലിനിക്കുകള്‍ക്ക് പൊതു ആരോഗ്യ മുന്നറിയിപ്പ് നല്കിയിട്ടുണ്ട്. കോവിഡ് ബാധയുണ്ടാകാന്‍ സാധ്യതയുള്ള കുട്ടികളില്‍ ഇത്തരം അസാധാരണ രീതിയിലുള്ള അസുഖബാധ പ്രത്യക്ഷപ്പെട്ടേക്കാമെന്നും എന്നാല്‍ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കില്ലെന്നും ഡോ. എലീന പോപ്പ് പറഞ്ഞു. ഇത്തരത്തില്‍ കാലില്‍ ചുവപ്പ് അടയാളം കണ്ടാല്‍ ആദ്യം ഡോക്ടറുമായി വെര്‍ച്വല്‍ പരിശോധനയ്ക്ക് ശ്രമിക്കുന്നതായിരിക്കും നല്ലതെന്നും ഡോ. എലീന ചൂണ്ടിക്കാട്ടി. ഇത്തരം ചുവന്ന പാടുകള്‍ പ്രത്യക്ഷപ്പെടുന്നതോടെ കുട്ടികളുടെ കാല്‍ വിരലുകളില്‍ ചൊറിച്ചിലോ നേരിയ വേദനയോ അനുഭവപ്പെടുന്നത് കണ്ടെത്തിയിട്ടുണ്ട്. ഈ രോഗവുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കുകയാണെന്നും കൃത്യമായ കണക്കുകള്‍ ലഭ്യമാകാനുള്ള ശ്രമങ്ങള്‍ നടക്കുകയാണെന്നും അവര്‍ പറഞ്ഞു.കാലിന്റെ ക്ഷതം ശ്രദ്ധയില്‍പ്പെട്ട് രണ്ടാഴ്ചയ്ക്കുള്ളിലാണെങ്കില്‍ കോവിഡ് പരിശോധന നടത്തുന്നത് കൂടുതല്‍ മികച്ച ഫലം നല്കിയേക്കും. കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ച പ്രദേശങ്ങളില്‍ നിന്ന് ഇത്തരത്തില്‍ കാലിന് ക്ഷതമേറ്റ നിരവധി അസുഖങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ശരീരത്തില്‍ ആന്റിബോഡികള്‍ സൃഷ്ടിക്കപ്പെട്ടതായും കണ്ടെത്തിയിട്ടുണ്ട്. അതായത് കോവിഡ് ബാധിക്കുകയും ശരീരം ആന്റിബോഡികള്‍ ഉത്പാദിപ്പിക്കുകയും ചെയ്തു എന്ന കാഴ്ചപ്പാടിനും സാധ്യതകളുണ്ട്. 
കാരണങ്ങള്‍ അടിസ്ഥാനമാക്കി കോവിഡിന് ഇതുമായി ബന്ധമുണ്ടെന്നും എന്നാല്‍ കുട്ടികള്‍ ലക്ഷണം പ്രകടിപ്പിക്കാറില്ലെന്നും ഡോക്ടര്‍ വിശദീകരിക്കുന്നു. 
എന്നാല്‍ ഇതിന് കോവിഡുമായി ബന്ധമുണ്ടോ എന്ന കാര്യത്തില്‍ സംശയമുണ്ടെന്നും പലപ്പോഴും കുട്ടികള്‍ ഉപയോഗിക്കുന്ന ഷൂസുമായും തണുത്ത വെള്ളവുമായുള്ള ബന്ധത്തെ തുടര്‍ന്നും ഇത്തരം അസുഖങ്ങള്‍ പ്രത്യക്ഷപ്പെടാറുണ്ടെന്നും യൂണിവേഴ്‌സിറ്റി ഡി മോണ്‍ട്രിയല്‍ ഹോസ്പിറ്റല്‍ സെന്ററിലെ ഡെര്‍മെറ്റോളജിസ്റ്റ് ഡോ. ചന്തല്‍ ബോല്‍ഡക്ക് പറഞ്ഞു. എന്നാല്‍ ഇപ്പോള്‍ കോവിഡ് വ്യാപകമായതിനാല്‍ അതുമായി ഇതിന് ബന്ധമില്ലെന്ന് ഉറപ്പിച്ച് പറയാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ ഇത്തരം ചര്‍മ രോഗങ്ങള്‍ പ്രത്യക്ഷപ്പെടുന്ന ഭൂരിഭാഗം കുട്ടികളിലും ചുമയോ പനിയോ ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

LEAVE A REPLY