മരത്തില്‍ കയറുന്നതിനിടെ വീണ് ഇരുമ്പ് തോട്ടികൊണ്ട് വയര്‍ മുറിഞ്ഞ് ആന്തരികാവയവങ്ങള്‍ പുറത്തായി, അയൽക്കാരനും ഫയര്‍ഫോഴ്സും രക്ഷപെടുത്തിയത് അതി സാഹസികമായി

കൊല്ലം: മരത്തിലിരുന്ന് തേങ്ങയിടുന്നതിനിടെ കൈയില്‍ നിന്ന് ഇരുമ്പ് തോട്ടി വഴുതിവീണ് ശരീരം മുറിഞ്ഞ് ആന്തരികാവയവങ്ങള്‍ പുറത്തുചാടിയ മദ്ധ്യവയസ്‌കനെ ഫയര്‍ഫോഴ്സ് രക്ഷപ്പെടുത്തി. സമീപത്തെ മരങ്ങളില്‍ കയറി ചന്ദ്രശേഖരന്‍ താഴെ വീഴാതിരിക്കാനുള്ള മുന്‍കരുതലൊരുക്കിയാണ് ഫയർ ഫോഴ്സ് രക്ഷപെടുത്തിയത് .
ലാഡര്‍, നെറ്റ്, റോപ്പ്, എന്നിവ ഉപയോഗിച്ച്‌ ഒരു മണിക്കൂറോളം പരിശ്രമിച്ചാണ് 40 അടിയോളം ഉയരമുള്ള മരത്തില്‍ നിന്ന് ചന്ദ്രശേഖരനെ താഴെ എത്തിച്ചത്. ഇന്നലെ വൈകിട്ട് മൂന്നോടെ കൊട്ടാരക്കര സദാനന്ദപുരം തെറ്റിയോടാണ് അപകടം. പാലത്തിട്ട താഴതില്‍ വീട്ടില്‍ ചന്ദ്രശേഖരനാണ് (58) പരിക്കേറ്റത്.വീട്ടുപറമ്പിലെ തെങ്ങില്‍ നിന്ന് തേങ്ങയിടാന്‍ സമീപത്തെ പെരുമരത്തില്‍ തോട്ടിയുമായി കയറിയതാണ് ചന്ദ്രശേഖരന്‍.കൈയില്‍ നിന്ന് വഴുതിയ തോട്ടിയിലെ മൂര്‍ച്ചയുള്ള ആയുധം തോള്‍ മുതല്‍ വയറിന്റെ അടിഭാഗം വരെ ഉരഞ്ഞു കീറിയാണ് ആന്തരികാവയവങ്ങള്‍ പുറത്തുവന്നത്.രക്തത്തില്‍ കുളിച്ച ചന്ദ്രശേഖരന്റെ നിലവിളി കേട്ടെത്തിയ സമീപവാസി സമയോചിതമായി മരത്തില്‍ കയറി ചന്ദ്രശേഖരന്‍ താഴെ വീഴാതിരിക്കാന്‍ കെട്ടിപ്പിടിച്ചു നിന്നു.ഇതിനിടെ നാട്ടുകാര്‍ അറിയിച്ചതനുസരിച്ച്‌ കൊട്ടാരക്കരയില്‍ നിന്ന് ഫയര്‍ഫോഴ്‌സെത്തുകയായിരുന്നു.ഉടന്‍ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ എത്തിച്ച്‌ പ്രാഥമിക ശുശ്രൂഷ നല്‍കിയശേഷം തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. സ്റ്റേഷന്‍ ഓഫീസര്‍ ടി. ശിവകുമാറിന്റെ നേതൃത്വത്തില്‍ പി.കെ. രാമന്‍കുട്ടി, ജെ. ഷൈന്‍, ഡി. സമീര്‍, എസ്. സുബീഷ്, കെ. ജേക്കബ്, കെ. സുമേഷ് , എ. അജിത്ത്, എന്നിവരാണ് രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്.

LEAVE A REPLY