തദ്ദേശ തെരഞ്ഞെടുപ്പ് : വാര്‍ഡ് സംവരണം നിശ്ചയിക്കാനുള്ള നറുക്കെടുപ്പ് തിങ്കളാഴ്ച

തിരുവനന്തപുരം:
തദ്ദേശ തെരഞ്ഞെടുപ്പിന് വാര്‍ഡ് സംവരണം നിശ്ചയിക്കാനുള്ള നറുക്കെടുപ്പ് തിങ്കളാഴ്ച ആരംഭിക്കും. സ്ത്രീ, പട്ടികജാതി സ്ത്രീ, പട്ടികവര്‍ഗ സ്ത്രീ, പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കാണ് സംവരണം. സ്ത്രീകള്‍ക്കുള്ള സംവരണ വാര്‍ഡുകളുടെ നറുക്കെടുപ്പാണ് ആദ്യം. ഇവര്‍ക്കുള്ള സംവരണം 50 ശതമാനമാണ്. പട്ടികജാതിക്കാര്‍ക്കും പട്ടികവര്‍ഗക്കാര്‍ക്കും ജനസംഖ്യാനുപാതികമായിട്ടാണ് സംവരണം.

2015ല്‍ സ്ത്രീകള്‍ക്ക് സംവരണം ചെയ്യാത്ത എല്ലാ വാര്‍ഡുകളും അവര്‍ക്കായി സംവരണം ചെയ്യും. ആകെ വാര്‍ഡുകളുടെ എണ്ണം ഒറ്റസംഖ്യ വരുന്ന തദ്ദേശസ്ഥാപനങ്ങളില്‍ ഒരു സ്ത്രീ സംവരണ വാര്‍ഡിന് നറുക്കെടുപ്പ് വേണ്ടി വരും. നിലവിലെ സ്ത്രീ സംവരണ വാര്‍ഡുകളില്‍ 2010ലും സ്ത്രീ സംവരണമുണ്ടായിരുന്ന വാര്‍ഡുകളെ ഒഴിവാക്കിയാണ് ഇതിനായി നറുക്കെടുക്കുക.സ്ത്രീകള്‍ക്കായി സംവരണം ചെയ്യുന്ന വാര്‍ഡുകളില്‍ നിന്നാകണം പട്ടികജാതി സ്ത്രീ, പട്ടികവര്‍ഗ സ്ത്രീ എന്നിവര്‍ക്കുളള വാര്‍ഡുകള്‍ നിശ്ചയിക്കേണ്ടത്. 2010ലോ 2015ലോ പട്ടികജാതി വിഭാഗത്തിന് സംവരണം ചെയ്ത വാര്‍ഡുകളെ ഒഴിവാക്കി പട്ടികജാതി സ്ത്രീ സംവരണത്തിന് നറുക്കെടുക്കണം. പട്ടികവര്‍ഗ സ്ത്രീ വാര്‍ഡുകള്‍ തീരുമാനിക്കാന്‍ 2010ലോ 2015ലോ പട്ടികവര്‍ഗത്തിന് സംവരണം ചെയ്ത വാര്‍ഡുകളെ നറുക്കെടുപ്പില്‍നിന്ന് ഒഴിവാക്കണം. സ്ത്രീ സംവരണം നിശ്ചയിച്ചശേഷം അവശേഷിക്കുന്ന വാര്‍ഡുകളില്‍നിന്ന് വേണം പട്ടികജാതി, പട്ടികവര്‍ഗ സംവരണ വാര്‍ഡുകള്‍ നറുക്കെടുക്കേണ്ടത്. 2010ലോ 2015ലോ പട്ടികജാതിക്കോ പട്ടികവര്‍ഗത്തിനോ സംവരണം ചെയ്ത വാര്‍ഡുകളുണ്ടെങ്കില്‍ അവ അതത് വിഭാഗത്തിന്റെ നറുക്കെടുപ്പില്‍നിന്ന് ഒഴിവാക്കണം.

പ്രവേശനം 30 പേര്‍ക്ക്
കോവിഡ് പശ്ചാത്തലത്തില്‍ നറുക്കെടുപ്പ് ഹാളില്‍ പ്രവേശിക്കാന്‍ നിയന്ത്രണം. ഒരു സമയം 30ല്‍ അധികം പേര്‍ക്ക് പ്രവേശനമുണ്ടാകില്ല. ഓരോ പഞ്ചായത്തിലെയും അംഗീകൃത രാഷ്ട്രീയ പാര്‍ടികളുടെ ഓരോ പ്രതിനിധികള്‍ക്ക് പങ്കെടുക്കാം. സാമൂഹ്യ അകലം പാലിക്കണം. മാസ്ക്, സാനിറ്റൈസര്‍ ഉപയോഗിക്കണം. കണ്ടെയ്ന്‍മെന്റ് സോണിലുള്ളവര്‍ക്കും ക്വാറന്റീനിലുള്ളവര്‍ക്കും പ്രവേശനമില്ല.

നറുക്കെടുപ്പ് തിങ്കള്‍മുതല്‍
തിങ്കള്‍മുതല്‍ ഒക്ടോബര്‍ ഒന്നുവരെയാണ് പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും നറുക്കെടുപ്പ്. കോഴിക്കോട്, കണ്ണൂര്‍ കോര്‍പറേഷനുകളുടേത് തിങ്കളാഴ്ചയും കൊച്ചി, തൃശൂര്‍ കോര്‍പറേഷനുകളിലേക്ക് ബുധനാഴ്ചയും തിരുവനന്തപുരം കൊല്ലം കോര്‍പറേഷനുകളുടേത് ഒക്ടോബര്‍ ആറിനുമാണ്. ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളുടേത് ഒക്ടോബര്‍ അഞ്ചിന്.

അന്തിമ വോട്ടര്‍പട്ടിക 1ന്
തദ്ദേശ തെഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരണം ഒക്ടോബര്‍ ഒന്നിലേക്ക് മാറ്റിയെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണര്‍ വി ഭാസ്കരന്‍ അറിയിച്ചു. ജീവനക്കാരില്‍ ചിലര്‍ക്ക് കോവിഡായതിനാല്‍ ചില തദ്ദേശസ്ഥാപനങ്ങള്‍ക്ക് പൂര്‍ണമായി പ്രവര്‍ത്തിക്കാനാകാത്ത സാഹചര്യത്തിലാണിത്. പട്ടിക ശനിയാഴ്ച പ്രസിദ്ധീകരിക്കാനായിരുന്നു തീരുമാനം.

LEAVE A REPLY