സാമ്പത്തിക പ്രതിസന്ധി: സര്‍ക്കാര്‍ കെട്ടിടങ്ങള്‍ ഇനി മോടികൂട്ടില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് സര്‍ക്കാര്‍ കെട്ടിടങ്ങള്‍ ഇനി മോടി പിടിപ്പിക്കുന്നത് ഒഴിവാക്കും. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ചെലവ് ചുരുക്കലിനും വരുമാനം വര്‍ധിപ്പിക്കുന്നതിനും കര്‍ശന നടപടികളുമായി സംസ്ഥാന സര്‍ക്കാര്‍. സര്‍ക്കാര്‍ കെട്ടിടങ്ങള്‍ മോടിപിടിപ്പിക്കുന്നതും ഫര്‍ണിച്ചര്‍,വാഹനങ്ങള്‍ തുടങ്ങിയവ വാങ്ങുന്നതിനും അനുവദിക്കില്ല. ഒരു കുട്ടിയുടെ എണ്ണം വർദ്ധിച്ചാൽ ഒരു അധ്യാപക ഉറപ്പ് തസ്തിക സൃഷ്ടിക്കുവാന്‍ കഴിയുന്ന വ്യവസ്ഥകള്‍ ബന്ധപ്പെട്ട ചട്ടങ്ങളില്‍ നിന്ന് ഒഴിവാക്കാനും മന്ത്രിസഭ തീരുമാനിച്ചു.
കേരളം നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് തീരുമാനം. അധ്യാപന സമയം ആഴ്ചയില്‍ കുറഞ്ഞത് 16 മണിക്കൂര്‍ ഉണ്ടാകണം എന്ന മാനദണ്ഡത്തിലായിരിക്കും കോളേജ് അധ്യാപകരുടെ പുതിയ തസ്തിക സൃഷ്ടിക്കുന്നത്. സ്കൂളുകളില്‍ അധ്യാപക തസ്തിക സൃഷ്ടിക്കുന്നതിനുള്ള അന്തിമാധികാരം സര്‍ക്കാരിനായിരിക്കും. എയ്ഡഡ് സ്കൂളുകളില്‍ സൃഷ്ടിക്കുന്ന പുതിയ അധ്യാപക തസ്തികകളില്‍ പ്രൊട്ടക്ടഡ് അധ്യാപകര്‍ക്കായിരിക്കും മുന്‍ഗണന.ഔദ്യോഗിക ചര്‍ച്ചകള്‍, യോഗങ്ങള്‍, പരിശീലനങ്ങള്‍, ശില്പശാലകള്‍, സംവാദങ്ങള്‍ തുടങ്ങിയ പരിപാടികളെല്ലാം പരമാവധി ഓണ്‍ലൈനായി നടത്തും.കേന്ദ്രാവിഷ്കൃത പദ്ധതികളുള്‍പ്പെടെ പല പദ്ധതികളും പ്രവര്‍ത്തനം അവസാനിപ്പിച്ചിട്ടും പദ്ധതികള്‍ക്കായി നിയമിച്ച ജീവനക്കാരെ ആവശ്യമുള്ള വകുപ്പുകളിലേക്കു വിന്യസിക്കും. ചെലവു ചുരുക്കല്‍ കൃത്യമായി നടപ്പാക്കുന്നുണ്ടോയെന്ന് ഉറപ്പ് വരുത്താന്‍ ഓരോ വകുപ്പിലും കുറഞ്ഞത് ഒരു വര്‍ഷത്തെയെങ്കിലും സേവന പരിചയം ഉള്ള ഒരു ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്താനും മന്ത്രിസഭ തീരുമാനിച്ചു.

LEAVE A REPLY