ദമ്പതിമാരുടെ സ്വകാര്യ വിവരങ്ങള്‍ പരസ്യപ്പെടുത്തൽ; കേന്ദ്രസര്‍ക്കാരിന്റെ മറുപടി തേടി സുപ്രീംകോടതി

ന്യൂഡല്‍ഹി: സ്പെഷ്യല്‍ മാര്യേജ് നിയമപ്രകാരമുള്ള വ്യവസ്ഥകളുടെ സാധുത ചോദ്യം ചെയ്തുള്ള ഹരജിയില്‍ കേന്ദ്ര സര്‍ക്കാറിന്റെ പ്രതികരണം തേടി സുപ്രീം കോടതി. ദമ്പതിമാരുടെ വിവരങ്ങള്‍ പരസ്യമാക്കുന്നതില്‍ കേന്ദ്രത്തിന്റെ പ്രതികരണം എന്താണ് എന്നാണ് സുപ്രീം കോടതിയുടെ ചോദ്യം. പ്രത്യേക നിയമ വിവാഹങ്ങളില്‍ ദമ്പതിമാരുടെ വിവരങ്ങള്‍ പരസ്യപ്പെടുത്തി അന്വേഷണത്തിന് വിധേയമാക്കണമെന്ന വകുപ്പുകള്‍ ചോദ്യംചെയ്യുന്ന ഹര്‍ജിയിലാണ് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ച് കേന്ദ്രത്തിനു നോട്ടീസയച്ചത്.കേരളത്തില്‍ നിന്നുള്ള ഒരു ലോ കോളജ് വിദ്യാര്‍ഥിയാണ്, വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നവര്‍ തങ്ങളുടെ വ്യക്തിപരമായ വിവരങ്ങള്‍ പരസ്യപ്പെടുത്തണമെന്നതുമായി ബന്ധപ്പെട്ട ചട്ടങ്ങളുടെ സാധുത ചോദ്യം ചെയ്ത് ഹരജി സമര്‍പ്പിച്ചത്. എന്നാൽ മിശ്രവിവാഹത്തിലും മറ്റും ദമ്പതിമാരുടെ കുടുംബങ്ങള്‍ക്ക് എന്തെങ്കിലും അന്വേഷിക്കാനുണ്ടാവില്ലേയെന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചു. അതേസമയം മാര്യേജ് ഓഫീസര്‍ അന്വേഷണം നടത്തുന്നതിന് എതിരല്ലെന്നും വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത് സ്വകാര്യതയുടെ ലംഘനമാണെന്നും ഹര്‍ജിക്കാരിക്കു വേണ്ടി അഡ്വ. കാളീശ്വരം രാജ് പറഞ്ഞു. ഹിന്ദു വിവാഹ നിയമത്തിലോ ഇസ്‌ലാമിക നിയമത്തിലോ വിവാഹത്തിനു മുമ്പ്‌ ഇത്തരത്തിലുള്ള നോട്ടീസ് നല്‍കുന്നതിനെക്കുറിച്ച്‌ പറയുന്നില്ല. സ്വകാര്യത മൗലികാവകാശമായി അംഗീകരിച്ച പുട്ടസ്വാമി കേസ് വിധിക്കുശേഷം സ്പെഷ്യല്‍ മാര്യേജ് നിയമത്തിലെ വകുപ്പുകള്‍ ചോദ്യം ചെയ്യുന്ന ആദ്യ സംഭവമാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വിവാഹം ചെയ്യുന്നതിനും സ്വകാര്യതക്കുമുള്ള മൗലികാവകാശത്തെ നിഷേധിക്കുന്നതാണ് ഈ വ്യവസ്ഥകളെന്ന് ഹരജിയില്‍ ചൂണ്ടിക്കാട്ടി. പ്രത്യേക വിവാഹ നിയമത്തിലെ 6(2), 7, 8, 10 വ്യവസ്ഥകള്‍ നീതിരഹിതവും നിയമവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണെന്നും അതിനാല്‍ ഇവ റദ്ദ് ചെയ്യണമെന്നുമാണ് ഹരജിയിലെ ആവശ്യം.

LEAVE A REPLY