കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഐഎംഎ; കോവിഡ് ബാധിച്ച് മരിച്ച 382 ഡോക്ടര്‍മാരുടെ കണക്ക് കൈവശമില്ലെന്ന് കേന്ദ്രം

ന്യൂഡൽഹി: കോവിഡ് മൂലം മരണമടഞ്ഞ ആരോഗ്യ പ്രവർത്തകരുടെ കണക്കുകൾ കേന്ദ്രസർക്കാരിന്റെ കൈവശമില്ലെന്ന കേന്ദ്ര ആരോഗ്യ സഹമന്ത്രി അശ്വിൻ കുമാർ ചൗബേയുടെ പ്രസ്താവനയെ രൂക്ഷമായി വിമർശിച്ച് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. സർക്കാരിന്റെ നടപടിയിൽ സംഘടനയുടെ വിയോജിപ്പ് വ്യക്തമാക്കികൊണ്ട് ഐഎംഎ കത്തയച്ചു. കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനങ്ങളാണ് ഐഎംഎ കത്തിൽ ഉന്നയിച്ചിരിക്കുന്നത്.

കോവിഡ് മൂലം ജീവത്യാഗം ചെയ്ത ആരോഗ്യപ്രവർത്തകരുടെയും ഡോക്ടർമാരുടെയും കാര്യത്തിൽ സർക്കാർ നിസംഗത കാണിക്കുകയാണെന്ന് ഐഎംഎ ആരോപിച്ചു. കോവിഡിനെതിരായ പോരാട്ടത്തിൽ ഇത്രധികം ഡോക്ടർമാരുടെയും ആരോഗ്യപ്രവർത്തകരുടെയും ജീവൻ നഷ്ടപ്പെട്ട മറ്റൊരു രാജ്യമില്ല. ഈ കാര്യങ്ങൾ രാജ്യത്തിന്റെ ശ്രദ്ധയിലേക്ക് വരുന്നില്ല എന്നത് ഭയപ്പെടുത്തുന്ന കാര്യമാണ്.
കോവിഡ് ബാധിച്ച മൊത്തം ആരോഗ്യപ്രവർത്തകരുടെയും ഡോക്ടർമാരുടെയും കണക്കുകളും അവരിൽ എത്രപേർക്ക് ജീവൻ നഷ്ടപ്പെട്ടു എന്ന വിവരവും സർക്കാർ സൂക്ഷിക്കുന്നില്ലെങ്കിൽ 1897ലെ ദേശീയ ദുരന്ത നിവാരണ നിയമം നടപ്പാക്കാനുള്ള ധാർമിക അധികാരം സർക്കാരില്ലെന്നും ഐഎംഎ കത്തിൽ പറയുന്നു.
ആരോഗ്യപ്രവർത്തകരെ കോവിഡ് പോരാളികൾ എന്ന് വിളിച്ച സർക്കാരിൽ നിന്നാണ് ഇത്തരം നടപടികൾ ഉണ്ടായിരിക്കുന്നതെന്നും ഐഎംഎ ചൂണ്ടിക്കാട്ടി.

കോവിഡ് ബാധിച്ച് ഇതുവരെ മരിച്ചത് 383 ഡോക്ടർമാരാണ്. കോവിഡ് ബാധിച്ച് മരിച്ച ഡോക്ടർമാരുടെ പട്ടിക അസോസിയേഷൻ പ്രസിദ്ധീകരിച്ചു. മരിച്ച ഡോക്ടർമാരുടെ കുടുംബത്തിന് സഹായം നൽകണമെന്ന് ഐഎംഎ സർക്കാരിനോട് ആവശ്യപ്പെട്ടു.
മരിച്ച ഡോക്ടർമാരുടെ കുടുംബാംഗങ്ങളും കുട്ടികളും സർക്കാരിൽ നിന്ന് സാന്ത്വനവും നഷ്ടപരിഹാരവും അർഹിക്കുന്നതായും ഐ.എം.എ ബുധനാഴ്ച പുറത്തിറക്കിയ പത്രക്കുറിപ്പിൽ വ്യക്തമാക്കി.

LEAVE A REPLY