ലൈംഗിക പീഡനത്തെ തുടർന്ന് എട്ടാം ക്ലാസുകാരി ആത്മഹത്യ ചെയ്ത കേസ്; പൊലീസ് പ്രതികളെ കുടുക്കിയത് ഇങ്ങനെ

കൊല്ലം: കടയ്ക്കലിൽ ലൈംഗിക പീഡനത്തെ തുടർന്ന് എട്ടാം ക്ലാസുകാരി ആത്മഹത്യ ചെയ്ത കേസിൽ പൊലീസ് പ്രതികളെ കുടുക്കിയത് ഡി.എൻ.എ പരിശോധനയിൽ. മൂന്ന് യുവാക്കളെയാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്‌. കടയ്ക്കൽ സ്വദേശി ഷിജു (31), സഹോദരൻ ഷിനു (26), ഇടത്തറ സ്വദേശി ജിത്തു (19) എന്നിവരാണ് അറസ്റ്റിലായത്.
ആദ്യം കുറ്റം സമ്മതിക്കാൻ തയ്യാറാവാതിരുന്ന പ്രതികൾ ശാസ്ത്രീയ തെളിവുകൾ നിരത്തിയതോടെ സത്യം വെളിപ്പെടുത്തുകയായിരുന്നു. മൂന്ന് പ്രതികളെയും മുൻപ് നിരവധി തവണ സ്റ്റേഷനിൽ വിളിപ്പിച്ച് ചോദ്യം ചെയ്തിരുന്നതാണ്. ജനുവരി 23 നാണ് പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. പോസ്റ്റ് മോർട്ടത്തിലാണ് മൂന്നോളം പേർ പെൺകുട്ടിയെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനടക്കം ഇരയാക്കിയെന്ന് കണ്ടെത്തിയത്.തുടർന്ന് പരിസരവാസികളെയും ബന്ധുക്കളിൽ ചിലരെയും പൊലീസ് ചോദ്യം ചെയ്തിരുന്നെങ്കിലും പ്രതികളെ കണ്ടെത്താനായില്ല. ഇതേത്തുടർന്നാണ് കുട്ടിയുടെ ആന്തരികാവയവങ്ങൾക്കൊപ്പം സംശയമുള്ള ഏഴുപേരുടെ രക്തസാമ്പിളുകൾ കൂട് ഡി.എൻ.എ പരിശോധനയ്ക്ക് അയച്ചത്. ഇതിന്റെ ഫലം കഴിഞ്ഞദിവസം പുറത്തുവന്നതോടെയാണ് മൂന്നു പേർ അറസ്റ്റിലായത്.കൂലിപ്പണിക്കാരായ അച്ഛനും അമ്മയും വീട്ടിൽ ഇല്ലാതിരുന്ന സമയത്താണ് പ്രതികൾ പെൺകുട്ടിയെ പീഡിപ്പിച്ചിരുന്നത്. ആത്മഹത്യ ചെയ്യുന്നതിന് ആറ് മാസം മുൻപ് മുതൽ പീഡനം തുടങ്ങിയിരുന്നതായി പ്രതികൾ ചോദ്യം ചെയ്യലിൽ സമ്മതിച്ചു.അതേസമയം പെൺകുട്ടിയെ പീഡിപ്പിക്കുന്ന വിവരം പ്രതികൾക്ക് പരസ്പരം അറിയില്ലായിരുന്നുവെന്നും അന്വേഷണത്തിൽ വ്യക്തമായി. പോക്സോ വകുപ്പും ആത്മഹത്യാ പ്രേരണാക്കുറ്റവും ചുമത്തി കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

LEAVE A REPLY