കാണ്‍പൂര്‍ ഏറ്റുമുട്ടല്‍ : ഗുണ്ടാത്തലവന്‍ വികാസ് ദുബേയുടെ വീട് തകര്‍ത്ത് തരിപ്പണമാക്കി ജില്ലാ ഭരണകൂടം

കാൺപൂർ • അറുപതിലധികം ക്രിമിനൽ കേസുകളിൽ പ്രതിയും 8 പൊലീസുകാർ കൊല്ലപ്പെട്ട കാൺപൂർ ഏറ്റുമുട്ടൽ കേസിലെ പ്രധാന പ്രതിയുമായ വികാസ് ദുബേയുടെ വീട് കാൺപൂർ ജില്ലാ ഭരണകൂടം ശനിയാഴ്ച തകർത്തു.
ഏറ്റുമുട്ടൽ നടന്ന ഇന്നലെ മുതൽ പ്രധാന പ്രതി വികാസ് ദുബെ ഒളിവിലാണ്. വെടിവയ്പിൽ 8 പോലീസുകാർ രക്തസാക്ഷിത്വം വരിച്ച സംഭവത്തില്‍ 20 ഓളം പോലീസ് സംഘങ്ങള്‍ വികാസ് ദുബേയ്ക്കായി തെരച്ചില്‍ തുടരുകയാണ്. കൊലപാതകം, കൊലപാതകശ്രമം, കവർച്ച, ഭൂമി കൈയേറ്റം തുടങ്ങി 60 ഓളം കേസുകളാണ് ദുബേയ്ക്കെതിരെയുള്ളത്.
ബുള്‍ഡോസറുകളും എക്‌സ്‌കവേറ്റകളും ഉപയോഗിച്ചാണ്‌ വികാസ് ദുബേയുടെ ഉടമസ്ഥതയിലുള്ള വീട് തകര്‍ത്തത്. നിരവധി വാഹനങ്ങളും ഒപ്പം തകര്‍ക്കപ്പെട്ടു.അതേസമയം, സംഭവത്തില്‍ ഒരു പോലീസ് ഉദ്യോഗസ്ഥനെ ഉത്തര്‍പ്രദേശ് പോലീസ് വകുപ്പ് സസ്പെന്‍ഡ് ചെയ്തു. റെയ്ഡിന്റെ വിവരങ്ങൾ വികാസ് ദുബെക്ക് ചോര്‍ത്തി നല്‍കിയെന്നു സംശയിക്കുന്ന പോലീസ് ഉദ്യോഗസ്ഥൻ വിനയ് തിവാരിയെയാണ് സസ്പെന്‍ഡ് ചെയ്തത്.

LEAVE A REPLY