കൊറോണ വൈറസിന്റെ ഉത്ഭവം കണ്ടെത്താന്‍ WHO സംഘം ചൈനയിലേക്ക് 

ജെനീവ: കോവിഡ് 19 മഹാമാരിക്ക് കാരണമായ വൈറസ് സാർസ് കോവ്-2 വിന്റെ ഉറവിടം അന്വേഷിക്കാൻ വിദഗ്ധ സംഘത്തെ അയയ്ക്കാനൊരുങ്ങി ലോകാരോഗ്യ സംഘടന. അടുത്ത ആഴ്ചയാണ് സംഘം ചൈനയിലെത്തുക. ചൈനയിലെ ലാബിൽനിന്നാണ് വൈറസ് ഉണ്ടായതെന്ന ആരോപണങ്ങൾക്കിടെയാണ് ലോകാരോഗ്യ സംഘടനയുടെ പ്രഖ്യാപനം വന്നിരിക്കുന്നത്.

‘വൈറസിന്റെ ഉറവിടം കണ്ടെത്തേണ്ടത് വളരെ, വളരെ പ്രധാനമാണെന്ന് ലോകാരോഗ്യ സംഘടന പറയുന്നു. ഇത് ശാസ്ത്രമാണ്, പൊതുജനാരോഗ്യമാണ്. വൈറസിന്റെ ആവിർഭാവം ഉൾപ്പടെയുള്ള കാര്യങ്ങളെ കുറിച്ച് പൂർണമായി മനസ്സിലാക്കിയാൽ വൈറസിനെതിരെ വളരെ ശക്തമായി നമുക്ക് പോരാടാനാകും.’ ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ ടെഡ്രോസ് അഥനോം ഗബ്രിയേസസ് പറഞ്ഞു.
‘ഞങ്ങൾ അടുത്ത ആഴ്ച ഒരു ടീമിനെ ചൈനയിലേക്ക് അയയ്ക്കുന്നുണ്ട്. അത് വൈറസ് എങ്ങനെ ആരംഭിച്ചുവെന്നും ഭാവിയിൽ നമുക്ക് എന്തു ചെയ്യാനാകുമെന്ന് മനസ്സിലാക്കുന്നതിലേക്കും നയിക്കുമെന്നാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്.’ ടെഡ്രോസ് കൂട്ടിച്ചേർത്തു.
ചൈനയിലെ ലാബിൽനിന്നാണ് വൈറസ്ഉണ്ടായതെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോയും വളരെ മുമ്പേ ആരോപണമുന്നയിച്ചിരുന്നു. എന്നാൽ ചൈന ഈ ആരോപണത്തെ നിഷേധിച്ചിരുന്നു.

ചൈനയിൽ അജ്ഞാത കാരണങ്ങളാൽ ന്യൂമോണിയ കേസുകൾ തുടർച്ചയായി റിപ്പോർട്ട് ചെയ്യുന്നതായി കാണിച്ച് ലോകാരോഗ്യ സംഘടനയക്ക് ചൈനയുടെ അറിയിപ്പ് ലഭിച്ചത് ആറു മാസങ്ങൾക്ക് മുമ്പാണ്. പിന്നീടാണ് ഇതിനുകാരണം നോവൽ കൊറോണ വൈറസ് ആണെന്ന് കണ്ടെത്തിയത്.
ലോകത്ത് ഒരുകോടിയിലധികം ആളുകളെയാണ് രോഗം ബാധിച്ചത്. അഞ്ചേകാൽ ലക്ഷം പേർ മരണപ്പെടുകയുംചെയ്തു.

LEAVE A REPLY