കൊവിഡ്: പുനലൂര്‍ താലൂക്കില്‍ സംസ്ഥാനത്തിന് വെളിയിൽ നിന്നും 5000 മലയാളികള്‍ മടങ്ങിയെത്തും.

പുനലൂര്‍: കൊവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പുനലൂര്‍ താലൂക്കില്‍ നിന്ന് വിദേശ രാജ്യങ്ങളില്‍ ജോലി ചെയ്തു വരുന്ന 5000 ത്തോളം പ്രവാസികള്‍ തിരികെ മടങ്ങിയെത്തും. പുനലൂര്‍ ആര്‍.ഡി.ഒ ബി. ശശികുമാറാണ് ഇക്കാര്യം അറിയിച്ചത്. ഇത് സംബന്ധിച്ച്‌ വ്യക്തമായ വിവരങ്ങള്‍ ശേഖരിച്ച്‌ മൂന്ന് ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ താലൂക്കിലെ ആറ് പഞ്ചായത്തുകളിലെ പ്രസിഡന്റുമാര്‍, സെക്രട്ടറിമാര്‍, പുനലൂര്‍ നഗരസഭാ ഭരണാധികാരികള്‍ എന്നിവരെ കഴിഞ്ഞ ദിവസം പുനലൂരില്‍ ചേര്‍ന്ന സംയുക്ത യോഗത്തില്‍ ആര്‍.ഡി.ഒ ചുമതലപ്പെടുത്തി. ഇവര്‍ നാട്ടലെത്തികഴിഞ്ഞാൽ താമസിപ്പിക്കാന്‍ ആവശ്യമായ ക്വാറന്റൈന്‍ സൗകര്യങ്ങള്‍ ഒരുക്കാനാണ് വിവരങ്ങള്‍ ശേഖരിക്കുന്നത്.താലൂക്കില്‍ നിന്ന് വിദേശ രാജ്യങ്ങളിലും അയല്‍ സംസ്ഥാനങ്ങളിലും ജോലി ചെയ്യുന്നതും താമസിക്കുന്നതുമായ മലയാളികളുടെ വിവരങ്ങളാണ് ശേഖരിക്കുന്നത്. പുനലൂര്‍ നഗരസഭാ ചെയര്‍മാന്‍ കെ.എ. ലത്തീഫ്, തഹസില്‍ദാര്‍മാരായ ജി. നിര്‍മ്മല്‍ കുമാര്‍, ബിനുരാജ്, അഞ്ചല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രഞ്ജു സുരേഷ്, പഞ്ചായത്ത് പ്രസിഡന്റുമാരായ വി. രാജന്‍, ആര്‍. പ്രദീപ്, എം. ഹംസ, ശോഭ ഷിബു, പഞ്ചായത്ത് സെക്രട്ടറിമാരായ എം. രാജു, പത്മജ തോമസ് തുടങ്ങിയവര്‍ സംയുക്ത യോഗത്തില്‍ പങ്കെടുത്തു.

LEAVE A REPLY