ആക്ഷന്‍ ഹീറോ’ വിനോദിന് ബെഹ്റയുടെ പാരിതോഷികം

തിരുവനന്തപുരം: ഡ്രൈവര്‍ കുഴഞ്ഞ് വീണതിനെ തുടര്‍ന്ന് നിയന്ത്രണം നഷ്ടപ്പെട്ട കണ്ടെയ്‌നര്‍ ലോറിയില്‍ ചാടിക്കയറി വാഹനം നിറുത്തി വന്‍ദുരന്തം ഒഴിവാക്കിയ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസറിന് സംസ്ഥാന പൊലീസ് മേധാവിയുടെ പാരിതോഷികം.

പാലക്കാട് ആലത്തൂര്‍ ഹൈവേ പൊലീസില്‍ ഡ്രൈവറായ ആര്‍. വിനോദിനാണ് 3000 രൂപ പാരിതോഷികവും അഭിനന്ദന സര്‍ട്ടിഫിക്കറ്റും നല്‍കാന്‍ സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ഉത്തരവിട്ടത്.

വെള്ളിയാഴ്ച രാവിലെ ആലത്തൂര്‍ സ്വാതി ജംഗ്ഷനിലായിരുന്നു സംഭവം. ഇടറോഡില്‍ സ്വന്തം ബൈക്കിന് സിഗ്നല്‍ കാത്തുനില്‍ക്കവെയാണ് ഹൈവേയിലൂടെ വന്ന കണ്ടെയ്നര്‍ ലോറി അപകടകരമായി റോഡരികിലേക്ക് നീങ്ങുന്നത് വിനോദിന്റെ ശ്രദ്ധയില്‍പ്പെട്ടത്.ലോറിക്ക് മുന്നിലായി ധാരാളം വാഹനങ്ങളുമുണ്ടായിരുന്നു. ലോറിഡ്രൈവര്‍ സ്റ്റിയറിങ്ങില്‍ തളര്‍ന്നുകിടക്കുന്നത് കണ്ട വിനോദ് വേഗം ഡ്രൈവറുടെ കാബിന്‍ തുറന്ന് ലോറിക്കകത്തു കയറി ബ്രേക്ക് ചെയ്‌ത് വാഹനം നിറുത്തുകയായിരുന്നു.

ഇതിനിടെ ഡ്രൈവര്‍ വിനോദിന്റെ ദേഹത്തേക്ക് വീണു. ഉത്തര്‍പ്രദേശ് സ്വദേശിയായ ഇദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചു.

LEAVE A REPLY